ജാലകത്തിനപ്പുറം
ജാലകത്തിനപ്പുറം ചെറുപ്പത്തില്‍ ജാലകത്തിനപ്പുറം നെല്‍പ്പാടങ്ങളുടെ പച്ചപ്പയിരുന്നു. നിറഞ്ഞ പച്ചപ്പ്. മെടഞ്ഞ തെങ്ങോല കൊണ്ട് കെട്ടിയുണ്ടാക്കിയ ആ ചെറിയ കുടില്‍ അവളുടെ അയല്‍ക്കാരുടേതായിരുന്നു. ആനയപ്പൂപ്പനും ആനയമ്മൂമ്മയും. അങ്ങനെയായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്. അവിടെ ചെന്നാല്‍ സ്നേഹത്തിന്റെ പാലോഴിച്ച ഒരു ഗ്ലാസ് കട്ടന്‍ കാപ്പി അവര്‍ ചൂടോടെ തരും. അതില്‍ ഒരു കരണ്ടി പശുവിന്‍ നെയ്യിട്ടിരിക്കും. ഒരു സ്വാദിന്. ആദ്യ ജാലകക്കാഴ്ച്ച ഓര്‍ത്തെടുക്കുമ്പോഴേക്കും എന്തൊക്കെയാണീശ്വരാ വിസ്മൃതിയുടെ പടവുകളിറങ്ങി വരുന്നത്. മുന്നോട്ടോടുന്ന തീവണ്ടിയുടെ ജാലകത്തിനപ്പുറം ഗതകാലം പിന്നോട്ടോടിയിരുന്നു. പിന്നീടെപ്പോഴോ കാഴ്ച മാറി, കാഴ്ച്ചപ്പാടും. മുകള്‍നിലയിലെ ക്ലാസ് മുറിയിലിരുന്നു ഉറുമ്പരിക്കും പോലെ നീങ്ങുന്ന മനുഷ്യരെയും സോപ്പ്പെട്ടി വലിപ്പത്തില്‍ പോകുന്ന വാഹനങ്ങളെയും നോക്കി രസിച്ച പെണ്‍കുട്ടി മനുഷ്യനെ നിസ്സാരനായി കാണാന്‍ പഠിച്ചു. റെയില്‍വേ ട്രാക്കിലെ ശിരസ്സറ്റ ജഡത്തെയും ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങളെയും ക്രമേണ നിസ്സംഗയായി നോക്കിയിരുന്നു. പിന്നീടെപ്പോഴോ ചില്ല...