പ്രചോദനം



ഒന്ന്‍
ബോംബയിലുള്ള അമ്മയുടെ അമ്മാവന്‍, ഞങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന  കാരണവര്‍, ഇക്കഴിഞ്ഞ മെയ്‌ മൂന്നാം തീയതി അന്തരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, “നീ കോതമംഗലത്തു പഠിക്കുമ്പോ ഏതാണ്ടൊക്കെ എഴുതീരുന്നല്ലോ? ഇപ്പോഴും ആ ശീലമൊക്കെ ഒണ്ടോ ??” എന്ന് വളരെ വാത്സല്യത്തോടെ ചോദിച്ചു. “ഇല്ല” എന്ന് ഉത്തരം  പറയാന്‍ എനിക്ക് പ്രത്യേകിച്ചു ആലോചിക്കേണ്ടതായി വന്നില്ല.



രണ്ടു
ഈ അടുത്ത ഒരു ദിവസം ആത്മസുഹൃത്തും ബിരുദ പഠനകാലത്തെ റൂം‌മേറ്റുമായിരുന്ന  കടുങ്ങല്ലൂര്കാരി ഡോക്ടര്‍ വാട്സാപ്പില്‍ വളരെ വിചിത്രമായ ഒരു സ്റ്റാറ്റസ് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. കാരണം അന്വേഷിച്ചപ്പോള്‍ തന്‍റെ ഒരു രോഗിക്ക് അവരെ പരിശോധിച്ച ഒരു പുരുഷ ഡോക്ടറില്‍ നിന്ന് നേരിട്ട വളരെ  മോശമായ ഒരു അനുഭവം വിശദീകരിച്ചു തരികയും, അതിന്റെ പ്രാധാന്യം ചോര്‍ന്നു പോകാതെ എഴുതി  വൈദ്യ കൂട്ടായ്മകളിലും മറ്റും ചര്‍ച്ചയാക്കണം എന്നും  പറയുകയും ചെയ്തു. ഇപ്പോള്‍ എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല....എന്നായിരുന്നു എന്‍റെ മറുപടി.



മൂന്ന്
സുഹൃത്തോ  അതോ പരിചയത്തിലുള്ള വെറുമൊരു ഒരു വ്യക്തിയോ എന്ന്  ഇത് വരെ തീര്ച്ചപ്പെടുത്താനാവാത്ത ഒരാള്‍ “വായിക്കാറുണ്ടോ” എന്ന് വെറുതെ സംഭാഷണമധ്യേ ചോദിക്കുകയും, “മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകം വായിച്ചിട്ടുണ്ടോ, ഇല്ലെങ്കില്‍ വായിച്ചിരിക്കണം”, എന്ന് വളരെ ആധികാരികമായി അഭിപ്രായം പറയുകയും ചെയ്തു.



ശേഷം
വായിച്ചിട്ടില്ല  എന്ന് പറഞ്ഞെങ്കിലും വല്ലാത്ത  ഒരു അപകര്‍ഷതാബോധം അന്ന് മുതല്‍ എന്നെ പിടികൂടി. ആദ്യത്തെ രണ്ടു സംഭവങ്ങള്‍ക്കും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ ചില തരംഗങ്ങള്‍ മൂന്നാമത്തെ സാഹചര്യത്തിലൂടെ ഉരുത്തിരിഞ്ഞു. എഴുതുക  പോയിട്ട് വായനയുമില്ല കൃത്യമായി പറഞ്ഞാല്‍ ഈപ്പറഞ്ഞ പുസ്തകം അച്ചടിച്ച വര്ഷം തൊട്ടു....

ഓണ്‍ലൈനിലൂടെ പുസ്തകലഭ്യതക്കുള്ള ചെറിയ  കാലതാമസം  അസഹ്യമായി തോന്നിയതു കൊണ്ട്  നേരിട്ടു പൊയ് ബുക്സ്റ്റാളുകള്‍ പരതല്‍ ആരംഭിച്ചു. ആ തെരച്ചില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 8 ഓളം പുസ്തകശാലകളിലേക്ക് നീണ്ടു. ഒടുവില്‍ കയ്യില്‍ കിട്ടിയപ്പോ 3 ദിവസം കൊണ്ട് പുസ്തകം ഒരാവര്‍ത്തി വായിച്ചു.

സാക്ഷ്യം  

കടുങ്ങല്ലൂര്‍ക്കാരനായ എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രന്‍  തന്‍റെ നാടിനെ തച്ചനക്കര എന്ന  ഒരു സാങ്കല്പിക പേരില്‍  വരച്ചു  കാട്ടുന്ന ചിത്രം വായനക്കാരന്റെ മനസ്സില്‍   ആഴത്തില്‍ പതിയുന്നതാണ്. ആഖ്യാതാവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍,  മരണത്തിന്റെ കൊതിപ്പിക്കുന്ന സ്പര്‍ശം പരാമര്‍ശിക്കുന്ന തുടക്കവും, പൂര്‍ണ്ണ വളര്ച്ചയെത്താതെ  ജീവിച്ചു മരിച്ച  തലമുറകളുടെ ആദിമാധ്യാന്തം വിവരിക്കുന്ന അയ്യാട്ടുംബിള്ളി കുടുംബചരിത്രവും, നാട്ടില്‍  നടമാടുന്ന കാമാന്ധതയും ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രചോദക  സാഹചര്യങ്ങളുമായി വളരെ യാദൃശ്ചികമായി ഇഴചേര്‍ന്ന് നില്ക്കുന്നവയാണ്. ബൃഹത്തായ നോവല്‍ പൂര്‍ത്തിയാക്കുന്നതെങ്ങനെയെന്നു  കുഴങ്ങി നില്‍ക്കുന്ന ആഖ്യാതാവ് തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളെയും വായനയും എഴുത്തും  ഒടുവില്‍ തന്നെത്തന്നെയും മറന്ന  ഞാന്‍ തന്നെ എന്ന് തോന്നിപ്പോയി.

എഴുത്തുകാരന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഒരു സര്‍ഗസൃഷ്ടി പ്രയോഗികമാക്കാന്‍ കഴിയാതെ വരുന്നതാവും ഒരു പക്ഷെ ശരിയായ വിഷാദ യോഗം. അങ്ങനെ ഒരു വ്യക്തി  ഉഴറി നില്‍ക്കുമ്പോള്‍ ഉണരൂ പ്രവര്‍ത്തിക്കു, എന്ന് പ്രോത്സാഹിപ്പിക്കാന്‍ വേണ്ട ഒരു പുതിയ ഗീതയാണത്രെ നമുക്കാവശ്യം. അങ്ങനെയെങ്കില്‍ എന്‍റെ മനസ്സിലെ  സര്‍ഗാത്മകതയുടെ കെട്ട് പോയ ആ കനല്‍ തെളിച്ച ഇത്രയും വാക്കുകള്‍ എങ്കിലും അറച്ചറച്ചു എഴുതാന്‍ എനിക്ക് പ്രചോദനമായ സുഹൃത്തിനെ ഞാന്‍ എന്തു വിളിക്കും...സാരഥി? ഗുരു? വഴികാട്ടി?...........അതോ ഭഗവാന്‍ എന്ന് തന്നെയോ? അറിയില്ല എങ്കിലും മനസ്സ് കൊണ്ട് ഒരായിരം പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു. നന്ദി....






Comments